വാൽകിണ്ടി മാഹാത്മ്യം


വാൽകിണ്ടി മാഹാത്മ്യം
സുന്ദരവനമത് കേൾക്കും പോലെ
സുന്ദരമാമതു കേട്ടതു സത്യം
സുന്ദമാമൊരു കാനന മധ്യേ
മന്ദതയാലൊഴുകും ജലധാര  
കായും കനിയുംവേണ്ടതു പോലെ
ഭിന്ന നിറത്താൽ പൂവും തളിരും
വിസ്തൃത ശൈലേ നിന്ന് പതിക്കും
ചില്ലുടയുന്നതു പോലൊരു ധാര
ദിനകരനവനുടെ ശുഭ്രതയവിടെ
നാനാവർണം ചൊരിയും കേമം
ഗിരിനിര സാനുവിൽ വർണമഹോത്സവം
കാണാനെത്തും കാടിൻമക്കൾ
കാനനമപ്പുറമുണ്ടൊരുഗ്രാമം
ഏകതവിളയാടുന്നൊരുരംഗം
ഏകമനസ്സാലൈക്യംപൂണ്ടൊരു
പരിപാവനമാമനരുടെ ഗ്രാമം
വർഗനരൻമാരൊന്നേ ചേർന്നിത്
സ്വർഗംപോലവരതിനെയുയർത്തി.
പശിയവരറിയുന്നില്ലതുകാര്യം
വേണ്ടതുപോലെ കായും കനിയും
ദാഹമകറ്റാനവരുടെ മധ്യേ
യൊഴുകുന്നുണ്ടൊരു നീരിൻധാര
ഒരുദിനമവരൊരു സത്യമറിഞ്ഞു
നീരൊഴുകുന്നതു കുറയും പോലെ
പിറ്റെദിനവും കണ്ടവരതുപോൽ
ഇന്നലയോളമിതില്ലിതു സത്യം
ഇതുപോൽ പോയാലൊരുനാൾ നമ്മൾ
ദാഹിച്ചവശതപൂണ്ടു മരിക്കും
ആറ് മരിക്കും കഥയതറിഞ്ഞവർ
അന്യോന്യം തഥയുരചെയ്യുന്നു.
വിവരമറിഞ്ഞവരെശല്ലാ വീടരു
മൊത്തൊരുനാളിൽ മുഖ്യനു മുമ്പിൽ
ഗ്രാമത്തലവനറിഞ്ഞുകഥിച്ചു
വരുമൊരു നാളിൽ കൂടിയിരിക്കാം
ഇതിനൊരുപായം കണ്ടേയൊക്കൂ
അന്നാളിൽ നാമുര ചെയ്തോളാം
അവശതപൂണ്ടവരെല്ലാരും ചേർ-
ന്നന്നൊരു നാളിൽ സഭ കൂടുന്നു.
പർവതമേലെ കണ്ണുപകിച്ചവ-
രെല്ലാരും ചേർന്നിമവെട്ടാതെ
താഴെക്കുള്ളജലത്തിൻമാത്രയി
ലെന്തോ കുറവുവരുന്നതറിഞ്ഞു.
എന്താണിതിനൊരു പോംവളിയെന്നവ-
രെല്ലാരുംചേർന്നോതിയ നേരം
മണ്ണിനു മോളിലുയർത്തിയ വേദിയി
ലൊരുചെറുചാരുകസേരയനങ്ങി.
ഗ്രാമത്തലവനറിഞ്ഞു പറഞ്ഞു
ആരാണിതിനൊരു മറുവഴികാണുക
പോംവഴിചൊന്നാലവരുടെ കയ്യിൽ
പൊന്നും പണവും തന്നു നിറയാക്കാം
പിന്നിൽനിന്നുമുയർന്നൊരു കയ്യുടെ
യുടമയതാരാണെന്നറിയേണ്ടേ.
കണ്ണുകളെല്ലാമവനെത്തേടി
ഇതുവരെ കാണാത്തവരെപോലെ
ചൈതന്യംപൂണ്ടുള്ളൊരു യൌവന
രൂപൻകോമളനാണതു വിമലൻ.
കോമളനെന്തേ ചൊല്ലാനുള്ളൂ
തലവനിരിക്കും വേദിക്കരികിൽ
തുള്ളി, അതൊന്നും പാഴാക്കല്ലേ
അമൃതിനുതുല്യം നീരാണരിയുക
ദിനമതുപലതും കഴിയുന്തോറും
പാഴാക്കുന്ന ജലത്തിൻമാത്രകൾ
കുറവുവരുത്താനുള്ളൊരു പോംവഴി
ഉപയോഗിക്കുക നാം വാൽകിണ്ടിയെ
നീറിയ പ്രശ്നം പറയുന്നേരം
ലോലകയോടെ പറഞ്ഞതുപോലെ
ധിക്കാരത്തിൻവാക്കുകളായി-
ട്ടന്നേരംജനമതുവിധിയെഴുതി
ഉടനടിവിധിയായ് തലവൻതന്നെ
തൂക്കുമരത്തിൽകേറ്റുകയിവനെ
അന്തിമമായിട്ടാഗ്രഹമെന്തേ
ചൊല്ലുകവേഗം നേരമിതിപ്പോൾ
വിധികേട്ടുടനെ ഞെട്ടിയകോമള
നെന്തിനെനിക്കീ കഴുമരമെന്നിൽ
മാനിക്കുന്നു വിധിയെന്നാകിലു
മെന്നുടെയാഗ്രഹം ചൊല്ലീടാം ഞാൻ
മലയുടെ മോഴിലിരിക്കും പാറയി
ലൊരുചെറുരൂപം വാൽകിണ്ടിയുടെ
കൊത്തീടേണമുറപ്പു തരേണം
ജീവിതഫലമായതു നേടാം ഞാൻ
വീണ്ടും ധിക്കാരത്തിൻ സ്വരമോ
ഉടനടിയിവനെ ഖണ്ഡിച്ചീടുക
തലവൻ തന്നുടെ വിധി മാറ്റുന്നു
കിങ്കരരൂപർ ഖണ്ഡിക്കുന്നു
ശ്വാസമടക്കിയ ജനമതു കണ്ടി
ട്ടമ്മേ വെട്ടരുതെന്നുര ചെയ്തു
പിടയുന്നേരവും വാൽകിണ്ടിക്കഥ
ചൊല്ലാനോങ്ങിയ പാവം നിശ്ചലം
ജനമതു പിരിയുന്നേരത്തന്നൊരു
ചെറു മർത്ത്യൻ മാത്രം തങ്ങുന്നു
എല്ലാരുംപോയെന്നുവരുത്താ
നെല്ലാദിക്കും നോക്കീടുന്നു
പലവുരുപലവുരു നോക്കിയ ശേഷം
ശവദാഹത്തിനൊരുക്കം കൂട്ടി
കൊത്തുപണിക്കാരൻ ദാസേട്ടൻ
കോമളനവിടെ ചിതയുമൊരുക്കി
ശേഷമതൊന്നു മനസ്സിലുറച്ചു
എന്നുടെ വീട്ടിലൊരിത്തിരിയുള്ളൊരു
വാൽകിണ്ടിയുമായ് കേറിയ ശേഷം
തുള്ളി, അതൊന്നും പാഴാക്കില്ല
ജലമൊരു നിധിയാണെന്നൊരു കാര്യം
കോമളഗുരുവിന്നോതിയ പോലെ
ദിനമതു പലതും പിന്നിട്ടപ്പോ
ഴഞ്ചാരാളുകൾ ദാസേട്ടൻറെ
വീടിനകത്തവർ കണ്ടുപിടിച്ചു
നിങ്ങടെ കൂടെ ഞങ്ങളുമുണ്ടെ
കൊത്തുപണിക്കാരവരുടെയുള്ളി-
ലൊതുക്കിയ കാര്യം തലവനറിഞ്ഞു
ആരവിടെന്നവനാക്രോശിച്ചു
തച്ചുതകർക്കുകയിവരുടെ സാധനം
പെട്ടെന്നവിടെയൊരശരീരിക്കഥ
പറയും പോലെ കേട്ടതു സത്യം
ഉപയോഗിക്കുക നിങ്ങടെ നാട്ടിൽ
വിരുന്നൊരുക്കുക വാൽകിണ്ടിക്കായ്
ഫലമുണ്ടായിൽ മലയുടെ മോളിൽ
വലിയൊരു രൂപം കൊത്തുക നിങ്ങൾ
ഉടനടി ആജ്ഞാപിച്ചു മുഖ്യൻ
അശരീരിക്കഥ കേട്ടതു പോലെ
നീരിനു ദൌർബല്യം തീർന്നവിടെ
തുള്ളി, അതൊന്നും പാഴാക്കാതെ
വലിയൊരു മലയുടെ മുകളിലിരിക്കും
കരിനിറമുള്ളൊരു പാറക്കൂട്ടം
കൊത്തുപണിക്കാരെല്ലാരും ചേർ-
ന്നൊരുവിധമവിടെ കൊത്തിയനേരം
രൂപം പൂണ്ടൊരു വാൽകിണ്ടിക്കക
മായൊരു ശബ്ദം കേട്ടവർ ഞെട്ടി
കോമളനിവിടെയുറങ്ങീടട്ടെ
നിങ്ങടെ ധർമം നിങ്ങൾ ചെയ്തു
നിങ്ങടെ നാട്ടിൽ ജലമിനി സുലഭം
മംഗളമോതാം പ്രാർഥിച്ചീടാം
തുള്ളി, അതൊന്നും പാഴാക്കല്ലേ
എന്നു മുഴക്കീടുന്നൊരു നാട്
കഥയിതുകേട്ടവരെല്ലാരും ചേർ-
ന്നീനാടന്നു മുഴക്കുന്നാക്കി.
          
         സ്ഥലനാമചരിതം  - അബ്ദുൽ ബഷീർ.എം.കെ
                        ടീച്ചർ,ജി.യു.പി.സ്കൂൾ, മുഴക്കുന്ന്

Comments

Popular posts from this blog

ചരിത്രാന്വേഷണം